തിരുവനന്തപുരം: തെറ്റാണെന്ന് അറിഞ്ഞിട്ടും പ്രതികരിക്കാതെ നിശബ്ദരായി ഇരിക്കുന്നവരാണു യഥാർഥ രാജ്യദ്രോഹികളെന്ന് ആക്ടിവിസ്റ്റ് കണ്ണൻ ഗോപിനാഥൻ. രാജ്യത്തു സർക്കാരിനെ ചോദ്യം ചെയ്യുന്നവരെയെല്ലാം രാജ്യദ്രോഹികളായി കാണുന്നു.
ഇതിനായി അവർ ആളുകളെ നിശബ്ദരാക്കാൻ നോക്കുന്നു. ആളുകളെ നിശബ്ദരാക്കാൻ നല്ലത് അവരുടെ വിശ്വാസത്തെ ചോദ്യംചെയ്താൽ മതി. ഈ പ്രവർത്തനമാണു
രാജ്യത്തെ ഭരണാധികാരികൾ ഇപ്പോൾ നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മനഷ്യാവകാശ സിവിൽ സൊസൈറ്റി പ്രവർത്തക കൂട്ടായ്മ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു കണ്ണൻ ഗോപിനാഥൻ.
ഫാ. സ്റ്റാൻ സ്വാമിയെ അനുസ്മരിക്കാൻ എവിടെ ഒത്തുകൂടിയാലും അറസ്റ്റ് ഭയന്ന് ആളുകൾ പേടിച്ചിരുന്നു. തന്നെയും ഇത്തരത്തിൽ പേടിപ്പിക്കാൻ നോക്കിയെങ്കിലും അതു നടന്നില്ലെന്നും സ്വന്തം ജീവിതം സത്യസന്ധമായി ജീവിച്ചു മരിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. ആർ. പാർവതിദേവി, പി.കെ. വേണുഗോപാലൻ, ആർ. അജയൻ, ഫാ. ബേബി ചാലിൽ എന്നിവർ പങ്കെടുത്തു.